കണ്ണൂർ: സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ 33 പ്രിൻസിപ്പൽമാരെ നിയമിച്ചുകൊണ്ടുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് യുജിസി മാനദണ്ഡങ്ങൾ അട്ടിമറിച്ചും സുതാര്യതയില്ലാതെയുമാണെന്ന് ഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ജിസിടിഒ).
നിയമന നടപടികളിൽ ഗുരുതരമായ ദുരൂഹതകളുണ്ടെന്നും ജിസിടിഒ ആരോപിച്ചു. മുന്‍പ് പ്രസിദ്ധീകരിച്ച പ്രൊവിഷണൽ പ്രിൻസിപ്പൽ പട്ടികയിലും അതിനുശേഷം രണ്ടു തവണ തയാറാക്കിയ പ്രിൻസിപ്പൽ പട്ടികയിലും ഉൾപ്പെട്ടിരുന്ന യോഗ്യരായ പലരെയും അന്തിമ നിയമന ഉത്തരവിൽനിന്ന് അകാരണമായി ഒഴിവാക്കിയിരിക്കുകയാണ്.
പ്രൊവിഷണൽ പ്രിൻസിപ്പൽമാരായി സേവനം അനുഷ്ഠിക്കുന്ന എട്ട് അധ്യാപകർക്കു പുതിയ ഉത്തരവ് പ്രകാരം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ പ്രിൻസിപ്പൽമാരായി തുടരാനുള്ള അനുവാദം മാത്രമാണു നൽകിയിരിക്കുന്നത്. ഇവർക്ക് സ്ഥിരനിയമനം നൽകാത്തതു നീതിനിഷേധമാണ്.
നിലവിലെ നിയമന ഉത്തരവ് പുനഃപരിശോധിക്കണം. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ സമഗ്രമായ മാനദണ്ഡം തയാറാകണമെന്നും ജിസിടിഒ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അക്കാദമിക രംഗത്തെ വഴിവിട്ട നീക്കങ്ങൾക്കെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. ഗ്ലാഡ്സ്റ്റൺ രാജ്, ജനറൽ സെക്രട്ടറി ഡോ. ഷിനിൽ ജയിംസ്, ട്രഷറർ ഡോ. സി.രാജേഷ് എന്നിവർ പ്രസംഗിച്ചു.